fromstads

2012, മാർച്ച് 30, വെള്ളിയാഴ്‌ച

SMRUTHI -Dr.M.S.Sreekumar-Malayalam Poetry(P-5)

You are also most welcome to the general site SREETHAALAM and for that please click on this link http://sreethaalam.blogspot.in/ 

സ്മൃതി .....

മലയാള കവിത -ഡോ.എം.എസ്.ശ്രീകുമാര്‍    
  


                   






മീനത്തിലെത്തിരുവാതിര നാളിന്റെ 
മാതൃ വാത്സല്യം മനസ്സുണര്‍ത്തും 
സാന്ദ്ര ദു:ഖത്താല്‍ പൊതിഞ്ഞ മധുരിമ 
ഓര്‍മ്മതന്‍ നാവില്‍ നുണഞ്ഞിറങ്ങേ..
                         
വിടരും പ്രഭാതത്തില്‍ പുല്‍ക്കൊടിത്തുമ്പുകള്‍ 
വിരിവാര്‍ന്നു തഴുകി ത്തലോടി നോക്കും-
മൃദു കരം കുളിര്‍മുഖം നോക്കി മൊഴിഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !
                        
രാവിലെയമ്മ കുളിപ്പിച്ചോരെണ്ണ തന്‍ 
ഈറനെത്തോര്‍ത്തിയൊതുക്കി വയ്ക്കും 
നനവൂറി നിന്നിടും കുളിര്‍മുടിചൊല്ലിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !

മുറ്റത്തെത്തുളസിത്തറയ്ക്കു മുന്നില്‍ച്ചെന്നു 
തീര്‍ത്ഥം തളിച്ചു തിരിഞ്ഞു നോക്കി-
അച്ഛച്ഛന്‍  സാകൂതം മെല്ലെയൊന്നോതിടും  
ഓമനക്കുട്ടനിന്നാത്തിരുനാള്‍  !

തീര്‍ത്ഥ പാത്രത്തിലെ കണ്ണീര്‍ കുളിര്‍ജലം 
ഭസ്മവും ചേര്‍ന്നു ലയിച്ചു നേരാം 
അച്ഛച്ഛന്‍  നെറ്റിയില്‍ ച്ചേര്‍ന്നു പറഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

രാവില്‍ത്തളര്‍ന്നെത്തുമ ച്ഛന്‍ മറക്കാതെ 
യേകിടും സ്നേഹ പ്രതിരൂപമാം 
പുത്തനുടുപ്പിന്റെ പൊന്‍ പൊതിയൊന്നാകെ 
കൊച്ചു കരങ്ങളാല്‍ നീക്കി നോക്കെ- 

നാസിക, കണ്ണുകള്‍ പൂത്തു വിടരവേ 
നാക ലോകത്തെ മറന്നീടവേ 
ആദ്യമറിയുന്ന ഗന്ധം പറഞ്ഞിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

മുറ്റത്തെ മുല്ലച്ചെടിയില്‍ വിടര്‍ന്നിടും 
മൊട്ടുകളും പൂവുമൊന്നു നോക്കും 
വേലിയില്‍ പച്ചിലച്ചാര്‍ത്തിനിടയിലെ 
പിച്ചകപ്പൂവും ചിരിച്ചു നില്‍ക്കും 

`കല്ലുകെട്ടി മാവിന്‍ `ചില്ലയില്‍ച്ചാടിടും 
അണ്ണാറക്കണ്ണനും കൂട്ടുകാരും;
തെക്കേപ്പറമ്പിലെ പ്ലാവിന്‍ പഴുത്തില 
മെത്ത വിരിച്ചതു നോക്കി നില്‍ക്കും ;

പിന്നീടു മെല്ലെത്തഴുകുന്ന കാറ്റിനോ -
ടെന്താണിതാനന്ദമെന്നു കേള്‍ക്കെ
നെറ്റിയിലമ്മതൊട്ട`കുറി `ചൊല്ലിടും 
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

വിദ്യാലയാങ്കണത്തില്‍ നിറഞ്ഞീടുന്ന
മാവു ചോദിയ്ക്കു; `മിരിപ്പിടവും `
ഇന്നു കണ്ടീലല്ലോ?!കാറ്റുപറഞ്ഞിടും
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !

കുഞ്ഞിനു വേണ്ടിയ പുല്‍ത്തടുക്കൊന്നു 
വിരിച്ചു വച്ചിട്ടമ്മ`വന്നിരിയ്ക്കൂ `
എന്നുരയ്ക്കുമ്പോഴവനന്നു ചൊല്ലിടും 
ഇ`ക്കളി` യൊന്നു കഴിഞ്ഞിടട്ടെ !

മാതൃ മനസ്സിന്റെ സ്നേഹ വാത്സല്യങ്ങള്‍ 
കൂട്ടിയിണയ്ക്കിയും ചേര്‍ത്തു വച്ചും
തീര്‍ക്കും വിഭവത്തിന്‍ സ്വാദിന്റെ മേളന
സൂക്ഷ്മ ഗന്ധം നെഞ്ചിലൂറിനില്‍ക്കും ...

തൂശനിലയിട്ടു മുന്നിലിരിയ്ക്കുമ്പോള്‍
ചെറു കറി,വന്‍ കറി ,കൂട്ടുകറി;
കാള നോലന്‍ പുളിശ്ശേരിയും പപ്പടം 
കാബേജു തോരന്‍ പ്രധാനിയാകും !

പിന്നീടു മധുരത്തി`നെന്നെയാര്‍ വെല്ലു`മെ
ന്നു ദ്വേഗ മോതുന്ന പായസവും ,
എല്ലാരുമമ്മതന്‍ കയ്യിലെ സ്നേഹത്താല്‍ 
കുട്ടന്‍ വയറിനെ പാട്ടിലാക്കും !

അപ്പോഴോ കുട്ടനുസംശയമിന്നെന്റെ
എത്രാമത്തെപ്പിറന്നാളാണമ്മേ ?!
അമ്മ പറയുന്നു അയ്യോ ഇന്നേദിനം
എത്രാം പിറന്നാളെന്നോതിക്കൂടാ !

ഊണുകഴിഞ്ഞല്ലോ പാട്ടുപാടീടണം; 
ചേര്‍ന്നു കിടന്നതുകേട്ടീടണം !
`അമ്മ പറഞ്ഞതുകേള്‍ക്കാതെ വെള്ളിനിലാ 
വത്തു പോയൊരു ആട്ടിന്‍ കുട്ടി-

ചെന്നായ വായിലകപ്പെട്ടു പോയൊരു
സദ്‌ കഥ ഗാനമായ് ചോല്ലുന്നമ്മ ...
എന്‍ കുട്ടനങ്ങനെയാകില്ലയെന്നമ്മ 
മെല്ലെപ്പറഞ്ഞു ചിരിച്ചു നില്‍പ്പൂ ...

രാത്രി വിരിയവേ അമ്മതന്‍ ചാരത്തു 
സ്വപനത്തില്‍ കുട്ടന്‍ ചിരിച്ചീടവേ ;
പിന്നെച്ചൊരിയേണ്ട രണ്ടു കണ്ണീര്‍ക്കണം
എന്തിനായ്   അന്നു ചൊരിഞ്ഞതമ്മ ?!!

കാലപ്രവാഹത്തിന്‍ കാലടിയൊച്ചകള്‍ 
പൂക്കള്‍ ചെടികള്‍ ചരാചരങ്ങള്‍ 
എല്ലാം മറഞ്ഞുവോ ഏറെ മറന്നുവോ 
ഓമനക്കുട്ടന്റെ പൂത്തിരുനാള്‍ ......?!

ലോക തിരശ്ശീല ചിത്ര കാവ്യങ്ങളെ 
നഷ്ട്ട സ്വര്‍ഗങ്ങളായ് നീക്കിവച്ചോ ?!
മാനസം വിങ്ങുന്ന വേദന കൊണ്ടൊരു 
പൂംപിറന്നാള്‍ മതിയെന്നുവച്ചോ ?!!

ഇത്തരുണം പണ്ടുവീശിയ മന്ദാനില-
-ശ്രുതി ചേര്‍ന്ന പവിത്ര ഗന്ധം ;
നാസിക രോമകൂപങ്ങള്‍ മനസ്സിന്റെ 
വാതായനങ്ങളും തള്ളി മാറ്റി -

ശ്രോത്ര നേത്രങ്ങളില്‍ തഴുകി മൊഴിയുന്നു  
മനസ്സിന്റെ യാര്‍ദ്രത മാറുമെന്നോ?!
 കഴിയില്ല !പ്രകൃതിയെ ധ്യാനപൂര്‍വ്വംനോക്കൂ 
പഴയ സുഗന്ധമറിയുന്നില്ലേ  ?! 

അത്ഭുത സ്തബ്ധ മതിദ്രുത മാ സുഖ 
സുന്ദരഗന്ധമതേറ്റു നില്‍ക്കേ... 
ലോകമാതാ പ്രകൃതീ ദേവി ചൊല്ലുന്നു  ,
ഓമനക്കുട്ടനിന്നാത്തിരുനാള്‍ !!!



                                                    @All rights owned by vetdrskms@gmail.com                               30-3-`12...5-05am fnsd