fromstads

2015, ഏപ്രിൽ 8, ബുധനാഴ്‌ച

Pon Vishu...Lyrics-Dr.M.S.Sreekumar

പൊൻ വിഷു ...
(ഭാവ ഗീതം)
രചന-ഡോ .എം.എസ്.ശ്രീകുമാർ.
You are most Welcome to










എറണാകുളം മുതൽ വടക്കോട്ടുള്ള മിക്ക ജില്ലകളിലും വിഷു ആഘോഷത്തിന്റെ ഭാഗമായി വിഷുക്കണി മാത്രമല്ക്ക,പടക്കം (ഓലപ്പടക്കം,പാളിപ്പടക്കം,ഗുണ്ട്),റോക്കറ്റ് -വാണം , പൂത്തിരി,മത്താപ്പൂ(തീപ്പെട്ടി ),ചാട്ട ,പെൻസിൽ, ചക്രം ,പാമ്പുഗുളിക,മേശപ്പൂ  തുടങ്ങിയ കരിമരുന്നുപ്രയോഗങ്ങളും,വിഷുത്തലേന്നും(സംക്രാന്തി ),വിഷു ദിവസവും എല്ലാവീടുകളിലും  വ്യാപകമായി ആഘോഷപൂർവ്വം നടപ്പാക്കിയിരുന്നു.
             വിഷുത്തലേന്ന്  വൈകീട്ട് ,`വിഷുക്കരിയ്ക്കൽ` എന്ന പേരിൽ ,വീട്ടിലേയും പറമ്പിലേയും ചപ്പു ചവറുകൾ എല്ലാം അടിച്ചു കൂട്ടി ,തീകത്തിച്ചു ശുദ്ധീകരിയ്ക്കുന്ന പ്രക്രിയയും ഉണ്ടായിരുന്നു.ഇപ്പോഴും ഗ്രാമങ്ങളിൽ ഈ ആചാരങ്ങൾ അന്യം നിന്നു പോയി എന്നു കരുതുന്നില്ല .പണ്ടുകാലത്തെ മാറ്റച്ചന്തകളുടെ(ബാർട്ടർ സമ്പ്രദായം ) ഓർമ്മപ്പെടുത്തലുകൾ ,ചേന്ദമംഗലം, ഏലൂർ മുതലായ പ്രദേശങ്ങളിൽ എറണാകുളം ജില്ലയിൽ ഇപ്പോഴും കണ്ടുവരുന്നു.
                     വിഷുദിനം പുലർച്ചെ കണി കാണിയ്ക്കുന്നതിനായി ,പ്രത്യേക സംവിധാനത്തിൽ കണിയൊരുക്കി, ശംഖനാദം ,ചെണ്ട,പടക്കം എന്നിവയുടെ അകമ്പടിയോടെ ,ആയത്  ഒരു പ്രദേശത്തെ എല്ലാ വീടുകളിലും കൊണ്ടു നടന്നു കാണിയ്ക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളേയും,
കണി കാണിയ്ക്കുവാൻ വരുന്ന അവർക്ക്  നൽകാൻ തലേദിവസം തന്നെ ദക്ഷിണ കരുതി വയ്ക്കുന്നതുമെല്ലാം ഇപ്പോഴും ഓർക്കുന്നു.അത്തരത്തിലുള്ള ഒരു കണിക്കാഴ്ച്ച യുടെ സ്മരണകൾ കൂടി ഉൾപ്പെട്ടതാണ്  ഈ ഗാനത്തിന്റെ പല്ലവി,അനുപല്ലവി എന്നിവ....
                          പച്ചക്കറി കൂടാതെ,മത്സ്യ ,മാംസ വിഭവങ്ങളും മേൽ ജില്ലകളിൽ പണ്ടു കാലത്തെന്നതു പോലെ ഇപ്പോഴും വിഷുക്കാലത്ത് ഒഴിച്ചു കൂടാനാവാത്തതു തന്നെയാണ് എന്നതും ,കാർഷിക -മൃഗസംരക്ഷണ മത്സ്യ സമൃദ്ധിയുടെ സദ്‌ സ്മരണകളുമാണ്  ഗാനത്തിന്റെ ചരണത്തിൽ സൂചിപ്പിയ്ക്ക പ്പെടുന്നത്...  

ഇനി ഗാനം ......

മിഴികൾ പൂട്ടി മയങ്ങെ ,കുഞ്ഞി 
ക്കനവുകൾ മനസ്സതിലോടിനടക്കേ,
വെളിയിൽ ശംഖിൻ നാദമുയർന്നൂ ,പടക്കം-
പൊട്ടി ച്ചെണ്ട കോലുകൾ തിമൃത-
ത്തെയ് ത്തക പാടി ,പൂത്തിരി കത്തി ,
വാതിൽ തുറന്നൂ ,കണ്ടേൻ,കണി കണ്ടേൻ ,
വരവായി വരവായീ.......
എന്റെ വിഷു ,എൻ ബാല്യ വിഷു....!  

(Chorus-വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻവിഷു....!)


കാത്തതു  വെറുമൊരു സംക്രാന്തിപ്പകലല്ല ,
നിറവർഷം മുഴുവൻ കാത്തേൻ.......
ഒരു വിഷുവിൻ മധുരം കാണാൻ ,നുര-
കുത്തിച്ചിതറും പൂത്തിരിയൊന്നതു കത്താൻ.....
ചെവി കൊട്ടിയടയ്ക്കും ഓലക്കെട്ടു പടക്കം പൊട്ടും
നാദം കേൾക്കാൻ ,കാത്തേൻ....
നിറ വർഷം മുഴുവൻ കാത്തേൻ.....

(Chorus-വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!)


പത്താമുദയം രാവണ കഥയും ,
പകലോൻ ഗതിയിൽ നേരേവരുമതു-
മാരോ ചൊല്ലിയ തായീടട്ടെ ,
ശാസ്ത്രം പിന്നതിലുണ്ടാകട്ടെ ,
മണ്ണിൻ മനവും മാനം നിറയും-
വർണ്ണോത്സവവും,ധാന്യം,മത്സ്യം,
താറാക്കൂട്ടം ,ചന്തയിൽ നിറയും പച്ചക്കറിയും,
കൃഷിയും ,വിളയും,വളവും ,നേരും,
നെറിയും,നിറയും,പൂർവ്വ സ്മരണ,
പൊലിയായ് മാതൃ മുലപ്പാൽ തന്റെ
കരുത്തായ് , വരവായ് എന്റെ വിഷു ......എന്റെ വിഷു ....!! 

(Chorus-
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!
വരവായി വരവായീ....എന്റെ വിഷു ,എൻ പൊൻ വിഷു....!...Fade out....)

© All rights owned and reserved by Dr.M.S.Sreekumar for Sreethaalm home studio,N.Parur,S.India