fromstads

2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

Mulamkaatukal...Malayam poetry- written by Dr.M.S.Sreekumar.(P-6)

മുളങ്കാടുകള്‍ ...(കവിത ) രചന -ഡോ.എം .എസ് .ശ്രീകുമാര്‍ .....

You are also most welcome to the general site SREETHAALAM and for that please click on this link   http://sreethaalam.blogspot.in/ 


നന്ദി.....
തു പ്രതികൂല കാലാവസ്ഥയിലും ആര്‍ത്തു പിടിയ്ക്കുന്ന മുളങ്കാടിന്‍റെ- (അതുകൊണ്ടാണല്ലോ `ചൈനീസ് ഫെംഗ് ഷൂയ്-ചൈനീസ് വാസ്തു ശാസ്ത്രം-അനുസരിച്ച് മുള ഐശ്വര്യ ത്തിന്‍റെപ്രതീകമായി കരുതുന്നത്...!) -പ്രകൃതിയുടെ ഗന്ധമുള്ള ഈ കവിതയ്ക്ക് പ്രചോദനമേകിയഡോ.ഫ്രാന്‍സിസ് സേവ്യറിന്    നന്ദി ....... 
        
അദ്ദേഹം തുമ്പൂര്‍ മുഴിയില്‍ നട്ട ഏകദേശം അഞ്ഞൂറോളം മുളങ്കാടുകള്‍ ഇന്ന്  മണ്ണൊലിപ്പ് തടയുകയും , ആയിരക്കണക്കിന് ചെറിയ ജീവജാലങ്ങള്‍ക്കും പക്ഷികള്‍ക്കും അഭയം നല്‍കുക വഴി ഒരുപക്ഷെ ചെറുതായി തോന്നാമെങ്കിലും,പ്രകൃതി-ജൈവ വൈവിധ്യ  സംരക്ഷണത്തിന് ഒരു മാതൃകകയായിരിയ്ക്കുകയാ ണ്. അധികം ആരും ശ്രദ്ധിക്കപ്പെടാതെ പോയ ഈ സദ്‌   പ്രവൃത്തി വായിച്ചറിഞ്ഞ അനുഭവത്തില്‍ നിന്നും രചിച്ചതാണീ കവിത. ഇനി.....


പണ്ട് എവിടെയോ വായിച്ച ഒരു സംസ്കൃത  ശ്ലോകം 
ഓര്‍ത്തെടുക്കാന്‍ ശ്രമിയ്ക്കട്ടെ........
`ദശ കൂപ സമാ വാപീ ,
ദശ വാപീ  സമാ സരാ:
ദശ സരാ സമാ സരിത് ,
ദശ സരിത് `മഹാസരിത്` 
ദശ `മഹാസരിത്` അബ്ധി,
ദശ അബ്ധി മഹോദധി,
മഹോദധി സമാ പുത്രാ ,
ദശ പുത്രാ സമാ തരു:  ....!`
ശ്ലോകത്തിന്‍റെവരികള്‍ വ്യതസ്ത മായേക്കാമെങ്കിലും അര്‍ഥം ഏതാണ്ട് ഇങ്ങനെ തന്നെയാണ് ....
പത്തു കിണറിനു തുല്യ മാണ്‌ ഒരു കുളം.പത്തു കുളത്തിനു തുല്യ മാണ്‌ ഒരു തടാകം .പത്തു തടാകത്തിനു തുല്യം ഒരു നദി .പത്തു നദിയ്ക്കു തുല്യം ഒരു മഹാ നദി .പത്തു മഹാ നദിയ്ക്കു തുല്യം ഒരു സമുദ്രം .പത്തു സമുദ്രത്തിനു തുല്യം ഒരു മഹാ സമുദ്രം . പത്തു മഹാ സമുദ്രത്തിനു തുല്യം ഒരു പുത്രന്‍ .പത്തു പുത്രന്മാര്‍ക്കു തുല്യമത്രേ ഒരു വൃക്ഷം .....!!!
 ശ്ലോകത്തിന്‍റെവരികളില്‍ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍  ജ്ഞാനികള്‍ തിരുത്തിത്തരുവാന്‍ അപേക്ഷ .
മുളങ്കാട്ടില്‍ ഇപ്പോള്‍ വിരിഞ്ഞിറങ്ങിയ ഒരു കിളിക്കുഞ്ഞു മുതലുള്ളവര്‍ തങ്ങളുടെ അസ്തിത്വ ത്തിന്‍റെവേരന്വേഷിച്ചപ്പോള്‍....ഭൂമീ ദേവി അതിനു മറുപടി പറയുമ്പോള്‍....വായിയ്ക്കുക ............


മുളങ്കാടുകള്‍ ...ഡോ.എം .എസ് .ശ്രീകുമാര്‍ 









ചീവീടിന്‍ സ്വനം മൃദുകരമായ് മുളങ്കാടിന്‍
നേര്‍ത്തിളം കാറ്റുമായി ശ്രുതി ചേര്‍ത്തിരിയ്ക്കവേ..
വിരിയും കുഞ്ഞാറ്റ ക്കുരുവി ക്കുഞ്ഞിന്‍ പ്രാണന്‍
പുതു ലോകത്തില്‍ വര്‍ണ്ണ നിറമായ്‌ ത്തുടിയ്ക്കവേ...

ഗേഹത്തിന്നുടമയാം ദൈവത്തെ വാഴ്ത്തി ക്കുഞ്ഞു
കുരുവിയസ്തിത്വതിന്‍ പൊരുള്‍ തെടുവാനുള്ള
പ്രഥമ പാദത്തിന്‍റെ ചുവടു വച്ചു മണ്ണിന്‍
ഹൃദയം തൊട്ടു തന്റെ  സംശയ#മുരയ്ക്കവേ ............(#പറയവേ)

വന്ധ്യ ഗേഹങ്ങള്‍ തീര്‍ത്ത വരളും മണ്ണിന്‍ കഥ ,
മന്ദമായ് `*ധര` തന്‍റെ ചുണ്ടിനാല്‍ മൊഴിയവേ               (*ഭൂമി )
കൂട്ടിളം കിളികളാം അന്തേവാസികള്‍ ,മുള -
ങ്കാടിനെച്ചുറ്റിവന്ന ചേരയും ചിതല്‍ക്കൂട്ട -

-മിനിയും പ്രയാണങ്ങള്‍ കഴിയാതുറുമ്പിന്‍റെ
 പടയും തത്തക്കുഞ്ഞും പുഴുവും പുല്‍ച്ചാടിയും
`*പു ച്ഛ` നൃത്തം ചെയ്തീടും വാലാട്ടിക്കിളി പൂത്താ-       (*വാല്‍ ) 
ങ്കീരിയും നിറവാര്‍ന്നോരടയ്ക്കാക്കുരുവിയും....

ഈ ദൃശം മനോഹരമാവാസ സ്ഥാനംതീര്‍ത്ത
നേരിന്‍റെപൊരുളിനെയറിയാന്‍ തുടിച്ചിടും
വാസനാ നിയോഗത്താല്‍ ചോദിച്ചു തമ്മില്‍ തമ്മില്‍
ആരിതിങ്ങേകി *പീത *ഹരിതാഭാമീ ഗേഹം ?!!  (*മഞ്ഞ നിറം   )
                                                                                   (*പച്ച നിറം     )
ചൊല്ലുന്നു `ധരിത്രി`; തന്‍ ചൈതന്യം തുടിച്ചിടും
ശോണിമയാര്‍ന്ന ചുണ്ടിലൂറും പുഞ്ചിരിയോടെ....
ഒരിക്കല്‍ വരണ്ടു തന്നാത്മാവു വറ്റിപ്പോയ
അധരപുടത്തിന്‍റെ തുടിപ്പിന്‍ കൂടെക്കഥ.... !

തെളിനീരിറ്റു കൂടെയരിച്ചു  തന്‍റെ ഗാത്ര
സുഭഗതനുവിന്‍റെയണുവില്‍പ്പോലും നില്ക്കാ -
-തൊലിച്ചു മദോന്മത്ത സമേത മകലേയ്ക്കു
ഒലിച്ചുപോകെ നിസ്സഹായയായ് നിന്ന കഥ ...!

ശോഷിച്ച ഗാത്രംകൊണ്ടു ജീവചൈതന്യത്തെ
ത്തന്‍റെ മക്കളായ്പ്പോറ്റാന്‍ കഴിയാത്തതാം കറുത്ത
കാലത്തിന്‍റെഘനീഭവിച്ചുറയും ദുഃഖ സ്മൃതി
വന്ധ്യ ദു:ഖത്തെപ്പോലെ മനസ്സു കാര്‍ന്ന കഥ.... !

തപിച്ചു മനം നെഞ്ചിലുരുകും  ചൂടിന്‍ ചുട്ടു -
പഴുത്ത മുള്ളാണികള്‍ അഗ്നി സ്പന്ദങ്ങള്‍ തീര്‍ക്കേ...!
ഉറക്കെക്കേണൂ നൊന്തു വിളിച്ചൂ ,ജഗത് പിതാ-
കരുണാമയാ എന്‍റെ വിളി കേള്‍ക്കുന്നീലേ `താതാ `....?!

ദിനരാത്രങ്ങള്‍ കാലയളവിന്‍ `#പരിമാണ`ങ്ങള്‍ ,   (#അളവുകള്‍ )
ഋതുഭേദങ്ങള്‍ ;ശാന്തി `*നിറയാ` മുഹൂര്‍ത്തങ്ങള്‍ !   (*നിറയാത്ത )
ചൊരിയും മാരി പോലുമെന്നില്‍ നില്‍ക്കാതോടി  -
യൊളിയ്ക്കും മനോ ദുഃഖം കാണാതെ പോകുന്നിതോ ...?!!

അതുകേട്ടതിനാലോ കാലത്തിന്‍ പൊരുളാലോ
ഒരിയ്ക്കല്‍ തളര്‍ന്നുറങ്ങീടവേ കാതില്‍ മന്ദം
മൃദുവാം പാദത്തിന്‍റെ സ്വനങ്ങള്‍ വിരസമായ്
-ത്തളരും കാതില്‍ ; പ്പിന്നെപ്പാദപൂജയായ് ക്കാണേ

അറിഞ്ഞീലന്നെന്‍ മുന്നില്‍ സമര്‍പ്പി ച്ചിളം വിത്തില്‍ ,
`കര`ത്തിലെന്‍ ജാതകം എഴുതി മാറ്റീടും കഥ.......!
നനച്ചു സംരക്ഷിച്ചു നനുത്ത മനസ്സോടെ
വിദഗ് ദ്ധ കരങ്ങളാ മുളം വിത്തുകളെന്നില്‍   ...

ഈശ്വരന്‍ നിയോഗിച്ച കരമായതിന്നു ഞാന്‍
ഈ `ധര` യറിയുന്നു അവനെന്‍ മകന്‍ തന്നെ ....!
ഈശ്വരന്‍ നിയോഗിച്ച കരമായതിന്നു ഞാന്‍
ഈ `ധര` യറിയുന്നു അവനെന്‍ മകന്‍ തന്നെ ....!

പിന്നെയെന്‍ പ്രതീക്ഷയ്ക്കൊരര്‍ത്ഥമതുണ്ടായ്‌ സ്വന്തം -
-കുഞ്ഞിനെ യുദര ത്തില്‍ സൂക്ഷിയ്ക്കും മാതാവു പോല്‍ ...!
പൊടിച്ചു മുളനാമ്പു തളിര്‍ത്തു മുന്നോട്ടവന്‍ കുതിച്ചു
`മാരുതിബാലന്‍` അര്‍ക്ക ബിംബത്തെക്കാണ്‍പോല്‍ ....!

കാലമതൊട്ടും പിന്നെ വേണ്ടിവന്നതില്ലെന്‍ കുഞ്ഞേ -
കാടിരുള്‍പോലെയെന്‍റെനിറമൊന്നാര്‍ത്തീടുവാന്‍ ...!
പിന്നെയന്തേവാസികള്‍ നിങ്ങളോരോന്നായ് വന്നു ചേര്‍ന്നു
ഇന്ന് ഞാന്‍ സംതൃപ്തയാം ശാന്തി ഗേഹമായ് നില്‍പ്പൂ

ഓര്‍ത്തിടൂ ,സൂക്ഷിച്ചിടൂ ജീവന ചക്രം ;ജീവ
-രക്തമായ് പ്രകൃതിതന്‍ ദാനമീ വാസ ഗൃഹം .....
അന്നൊരു കരമൊരു വിത്തെറിഞ്ഞപ്പോള്‍ ലോക -
പ്രകൃതീ പുത്രന്‍ തന്‍റെ കരമായ് ക്കാണുന്നു ഞാന്‍ ...!

ഇനിയും മഹാ സ്നേഹ പുത്രന്മാര്‍ ജനിയ്ക്കട്ടെ ,
ഇനിയുമിടയ്ക്കിടെക്കാടുകള്‍ തളിര്‍ക്കട്ടെ.........!
ശ്രവണം കാഴ്ച പൂര്‍ണ്ണ മിനിയും നശിയ്ക്കാത്ത -
ഹൃദയങ്ങളില്‍ മുളങ്കാടുകള്‍ ഉയരട്ടെ ...............!!!

ഇനിയും മഹാ സ്നേഹ പുത്രന്മാര്‍ ജനിയ്ക്കട്ടെ ,
ഇനിയുമിടയ്ക്കിടെക്കാടുകള്‍ തളിര്‍ക്കട്ടെ.........!
ശ്രവണം കാഴ്ച പൂര്‍ണ്ണ മിനിയും നശിയ്ക്കാത്ത -
ഹൃദയങ്ങളില്‍ മുളങ്കാടുകള്‍ ഉയരട്ടെ ...............!!!



                                                               © Dr.M.S.Sreekumar.vetdrskms@gmail.com                                                   
                                                                                                                                           








10-4-`12-  3.00 am